കോടമഞ്ഞിൽ മൂടിയ സ്വർഗഭൂമി


COMING SOON HOUSE ADVERTISING ads_leader
India's flag
Asia » India » Kerala » Idukki
January 27th 2018
Published: January 27th 2018
Edit Blog Post

Total Distance: 0 miles / 0 kmMouse: 0,0

suryanelli to meeshapulimala

Distance will be approx 10-12 kms..Depending upon the route u choose..Terrain may vary for short routes


യാത്രക്കിടയിൽ അസാമാന്യമായ പല അനുഭവങ്ങളും ഉണ്ടായിട്ടുള്ളവർ ഉണ്ടാകും. ഈ യാത്രാലേഖനം വായിക്കുമ്പോഴും നിങ്ങൾക്ക് 'Fiction' സ്വഭാവം തോന്നീയേക്കാം.പക്ഷെ അത് വെറും തോന്നൽ മാത്രം





"The motorcycle diaries" ,യാത്രയെ പ്രണയിക്കുന്നവർ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സിനിമ. ക്യൂബൻ വിപ്ലവത്തിന് തുടക്കംകുറിച്ച ചെഗുവേരയുടെ ജീവിതംതന്നെ മാറ്റിമറിച്ച ഒരു യാത്രയാണ് ഈ സിനിമയുടെ കഥ എന്ന് ആദ്യം കണ്ടപ്പോൽ എനിക്ക് അറിയില്ലായിരുന്നു. 1952 ൽ Argentina ലെ Buenos Aires ൽ തുടങ്ങി,അക്കാലത്ത് പുസ്‌തകങ്ങളിൽ മാത്രം വായിച്ചറിവുള്ള South America ലേക്കുള്ള യാത്രക്കിടയിൽ അദ്ദേഹം കണ്ട കാഴ്ചകൾ,നേരിട്ട അനുഭവങ്ങൾ, തുടർന്ന് കഷ്ടപ്പെടുന്നവർക്ക് വേണ്ടി താനും കു‌ടെ ഉണ്ടാകും എന്ന ചെഗുവേരയുടെ തീരുമാനവും.ഇത് ഇപ്പോൾ പറയാൻ കാരണം, ഈ ഒരു സിനിമ എന്റെ ജീവിതവും മാറ്റിമറിച്ചു, അതും ഒരു യാത്രയിലൂടെ.അങ്ങിനെ ഒരു യാത്രനുഭവം എന്റെതായ ശൈലിയിൽ.



സമയം രാത്രി 8 മണി, "The motorcycle diaries" കണ്ടുകഴിഞ്ഞതിന്ടെ Hangover ൽ എഴുന്നേറ്റു, കുറച്ചുകഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത പരവേശം, ചുരുക്കത്തിൽ പറഞ്ഞാൽ ഇരിക്കാനും നിൽക്കാനും പറ്റാത്ത അവസ്ഥ. വൈകിയാണെങ്കിലും എനിക്ക് മനസിലായി, ഒരു യാത്രക്ക് പോകാൻ എന്റെ മനസ്സ് ആഗ്രഹിക്കുന്നു. ഒട്ടും സമയം കളയാതെ വിളിച്ചു പ്രിയസുഹൃത്തായ പ്രേമനെ. ബൈക്കിൽ ഉള്ള യാത്ര ഒഴിവാക്കി ബസ്സിൽ പോകാം എന്ന തീരുമാനം ഞങ്ങൾ എടുത്തു.





സമയം വെളുപ്പിന് 3.30,മഴയുടെ അകമ്പടിയോടെ ഞങ്ങൾ യാത്ര തുടങ്ങി,ആലുവയിൽ നിന്നും 'മറയൂർ - കാന്തല്ലൂർ' ബസ്സിൽ, 8 മണി ആയപ്പോൾ തേയിലത്തോട്ടങ്ങളുടെ നാടായ മുന്നാറിൽ ഇറങ്ങിയ ഞങ്ങൾ തണുപ്പകറ്റാനായി ആദ്യം കണ്ട കടയിൽ നിന്ന് ചായ കുടിച്ച ശേഷം യാത്രക്കായി തയ്യാറായി. സൂര്യനെല്ലിയിൽ ഉള്ള തേയിലത്തോട്ടത്തിലൂടെ കൊളുക്കുമല കടന്ന് വേണം മീശപുലിമല എത്താൻ.മുന്നാറിൽ നിന്നും ബസ് മാർഗം യാത്രചെയ്ത് 'പവർ-ഹൗസ്' സ്റ്റോപ്പിൽ ഇറങ്ങി (സൂര്യനെല്ലിക്ക് ഏറ്റവും അടുത്തുള്ള ബസ്സ്റ്റോപ്പ് 'പവർ ഹൗസ്' ആണ്). അവിടെ നിന്ന് നടക്കാൻ തീരുമാനിച്ചു. തണുത്ത അന്തരീക്ഷം, മേഘങ്ങളുടെ പുതപ്പിൽ നിന്ന് പുറത്തുവരാൻ മടിച്ചുനിൽക്കുന്ന സൂര്യൻ, പുഞ്ചിരിക്കുന്ന മുഖത്തോടെ ബാഗ് തൂക്കി സ്കൂളിലേക്കുപോകുന്ന കുറേ കുരുന്നുകൾ,വഴിയോരകാഴ്ചകൾ കണ്ടു ഞങ്ങൾ 10 കിലോമീറ്ററോളം നടന്നത് അറിഞ്ഞില്ല.






......സൂര്യനെല്ലിയിലേക്ക്.....



സൂര്യനെല്ലി ....സൂര്യ -സൂര്യൻ, നെല്ലി -ഇല്ല , പേര് അന്വർത്ഥമാക്കും വിധംസൂര്യനെ ഞങ്ങൾക്ക് അവിടെ കാണാൻ സാധിച്ചില്ല. 'ഹാരിസൺസ് മലയാളം ലിമിറ്റഡ്' എന്ന പ്രൈവറ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടത്തിലൂടെ വേണം കൊളുക്കുമലയിൽ എത്താൻ.എന്നാൽ ജീപ്പില് മാത്രമേ അകത്തേക്ക് പ്രവേശനം ഉള്ളു എന്ന് പറഞ്ഞു സെക്യൂരിറ്റി ഞങ്ങളെ മടക്കി.കുറച്ചു വളഞ്ഞ മാർഗത്തിലൂടെ ആണെങ്കിലും മുകളിൽ കയറാതെ മടങ്ങില്ല എന്ന് തീരുമാനിച്ചിരുന്നു. ഞങ്ങളെ സെക്യൂരിറ്റി ‘Getout’ അടിച്ചതൊക്കെ കണ്ടുനിൽക്കുന്നുണ്ടായിരുന്ന തോമാച്ചേട്ടൻ പ്രധാന കവാടം വഴി അല്ലാതെ അകത്തേക്ക് കയറാനുള്ള വഴി ഞങ്ങൾക്ക് പറഞ്ഞു തന്നു.



സമയം ഉച്ചയ്ക്ക് 1 മണി കഴിഞ്ഞിരുന്നു,ജീപ്പും ട്രാക്ടറും മാത്രം പോകാറുള്ള ഹെയർപിൻ വളവുകൾ പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴിയിലൂടെ ഞങ്ങൾ നടപ്പ് തുടർന്നുകൊണ്ടേയിരുന്നു .വെയിൽ ഉണ്ടായിരുന്നെങ്കിലും അതിന്ടെ ചൂട് അനുഭവപ്പെട്ടില്ല,തണുത്ത കാറ്റ് വീശികൊണ്ടേയിരുന്നു. ഏകദേശം ഊട്ടിയിലെ ഒരു അവസ്ഥ. സൂര്യനെല്ലി കേറുമ്പോൾ തന്നെ ഇതാണ് അവസ്ഥ എങ്കിൽ മുകളിൽ എന്തായിരിക്കും എന്ന് ഞാൻ ആലോചിച്ചു. ഈ സമയം വീട്ടിൽ ആയിരുന്നേൽ...എന്റെ സാറേ…. ഇനിയുള്ള യാത്ര തേയിലത്തോട്ടത്തിനിടയിലൂടെ ആയികളയാം എന്ന് ഞങ്ങൾ തീരുമാനിച്ചു. സിനിമയിൽ കാണുന്നത് പോലെ ആയിരുന്നു പെട്ടന്ന് മഴയുടെ വരവ്, മഴയേറ്റ് തേയിലച്ചെടികളെ തലോടിയുള്ള യാത്ര മറക്കാനാവാത്ത ഒരു ഓർമയാണ്. വഴിയിൽ വച്ച് ഗൈഡായി ഞങ്ങൾക്കൊപ്പം കൂടിയ പത്തുവയസ്സുകാരൻ Karthi അവന്ടെ വീട്ടിലേക്ക് ഞങ്ങളെ കൊണ്ടുപോയി, തേയിലതോട്ടത്തിന് നടുവിൽ ഷീറ്റ് കൊണ്ട് നിർമ്മിച്ച ഒരു വീട്, ചായ കുടിച്ച ശേഷം ഞങ്ങൾ യാത്ര പറഞ്ഞ് പിരിഞ്ഞു. കൊളുക്കുമലയിലേക്കുള്ള എളുപ്പവഴി അവൻ ഞങ്ങൾക്ക് പറഞ്ഞ് തന്നിരുന്നു. തൊട്ടുമുന്നിൽ മേഘങ്ങളോട് തൊട്ടുരുമ്മി നിൽക്കുന്ന മല ചുറ്റി നടന്ന് പോകണമെന്ന് ഞങ്ങൾക്ക് മനസ്സിലായി. പിന്നിട്ടതും പിന്നിടാനുള്ളതുമായ ദൂരത്തെകുറിച്ച് ഓർക്കാതെ ഞങ്ങൾ യാത്ര തുടർന്നു ......


……...കൊളുക്കുമലയിലേക്ക് ..........



ലോകത്തിൽ തന്നെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടം സ്ഥിതിചെയ്യുന്ന സ്ഥലം .വളഞ്ഞ വഴി കണ്ടു പിടിച്ചു കയറി വന്ന ഞങ്ങൾ ഒരു കാര്യം വിട്ടുപോയിരുന്നു, കൊളുക്കുമലയിലേക്ക് പ്രവേശിക്കാനുള്ള ഗേറ്റും അവിടെ കാണിക്കേണ്ട എൻട്രി പാസ്സും. കൊളുക്കുമല ഗേറ്റ് എത്തുന്നതിനു മുൻപ് കണ്ട ജീപ്പ് ഡ്രൈവറോട് കാര്യം പറഞ്ഞു, കാർട്ടൂണിലെ “Dora” യെ പോലെ അദ്ദേഹം കാട്ടിലേക്കു ചൂണ്ടി കാണിച്ചിട്ടു അതിലൂടെ പൊയ്ക്കോളാൻ പറഞ്ഞു . ‘പാത്ത് പോങ്കെടാ “ എന്ന മുന്നറിയിപ്പും, അതിന്ടെ കാരണം ഞങ്ങൾക്ക് പിന്നീട് മനസ്സിലായി.



ഒരാൾക്ക് കഷ്ടിച്ച് നടക്കാവുന്ന വഴി, വലതുവശത്ത് അഗാധമായ കൊക്കയും, മറുവശത്ത് മരങ്ങളാൽ മൂടിയ ചരിവുകളും. ഏകദേശം 7000 അടി ഉയരത്തിലൂടെയാണ് നടപ്പ് എന്ന് തിരച്ചറിഞ്ഞ നിമിഷങ്ങൾ ...... Bear Grylls നെ മനസ്സിൽ സ്മരിച്ച് യാത്ര തുടർന്നു . കൊളുക്കുമലയിൽ എത്തിയ ഞങ്ങൾ മേഘകടൽ കാണാൻ ഓടി ചെന്നു .അപ്പോഴേക്കും കോടമഞ്ഞു വരവറിയിച്ചു കഴിഞ്ഞിരുന്നു .ഞങ്ങൾ കാത്തിരുന്നു, കോടമഞ്ഞിന്ടെ മറനീക്കി പുറത്തുവരുന്ന കാഴ്ചകൾക്കായി. കാത്തിരിപ്പിനൊടുവിൽ തൊട്ടടുത്തുള്ള തേയിലത്തോട്ടങ്ങൾ ജിന്ന് പ്രത്യക്ഷമാവും പോലെ ഓരോന്നായി കണ്ടുതുടങ്ങി ,നിമിഷങ്ങൾക്കുള്ളിൽ കോടമഞ്ഞിന്റെ വെള്ള പുതപ്പിൽ ഒളിച്ചിരുന്ന മലനിരകൾ ഓരോന്നായി കാണാൻ തുടങ്ങി ,ദൂരെ മേഘങ്ങള്ഴക്കിടയിലൂടെ വരുന്ന സൂര്യന്ടെ വെളിച്ചം വിവിധ നിറങ്ങളിൽ പ്രസരിക്കുന്നതായി തോന്നി.




…….മീശപുലിമലയിലേക്ക് .........



സമയം വൈകിയിട്ട് 4:30 , കൊളുക്കുമലയിൽ നിന്നുമുള്ള നടത്തം അവസാനിച്ചത് ഒഴിഞ്ഞ് കിടക്കുന്ന ഒരു വീടിന് മുന്നിൽ ആയിരുന്നു .കല്ലുകൾ കൊണ്ട് കെട്ടിപ്പൊക്കിയ ഭിത്തികളും ഷീറ്റ് കൊണ്ട് മറച്ച മേൽക്കൂരകൾ.വീടിനു മുൻവശത്ത് കൂട്ടിയിട്ടിരിക്കുന്ന മരക്കഷ്ണങ്ങൾ കാട്ടിൽ മരം വെട്ടാൻ പോകുന്നവർ താമസിക്കുന്ന സ്‌ഥലം ആണെന്ന് ഞങ്ങൾ ഊഹിച്ചു. അവിടെനിന്നാണ് കുത്തനെയുള്ള കയറ്റങ്ങളുടെ ആരംഭം.കയറ്റത്തിനിടയിൽ രണ്ടുപേർ താഴേക്ക് ഇറങ്ങി വരുന്നത് കണ്ടു. കൊളുക്കുമലയിൽവെച്ച് കണ്ട ജീപ്പ് ഡ്രൈവർ പറഞ്ഞതനുസരിച്ച് മീശപുലിമല കണ്ടിറങ്ങുന്ന ആ ദിവസത്തെ അവസാനത്തെ രണ്ടു യാത്രികർ ആയിരുന്നു അത്.അവരോട് മുകളിലെ അവസ്ഥ തിരക്കി, കാറ്റിന്റെ ശക്തി കൂടി വന്നത്കൊണ്ട് അവർക്ക് അധികസമയം നിൽക്കാൻ കഴിഞ്ഞില്ല എന്നറിഞ്ഞു . “ഇനി മുകളിലേക്കു കയറാണ്ടിരിക്കുന്നതാകും നല്ലത്. ആനയിറങ്ങുന്ന സമയമാണ് “ എന്ന് പറഞ്ഞ് അവരും താഴ്ത്തേക്ക്‌ ഇറങ്ങി തുടങ്ങി . യാത്ര ഇപ്പോഴാണ് പൂർത്തിയായത് എന്ന മട്ടിൽ ഞങ്ങൾ തമ്മിൽ നോക്കി. ജീവിതം എന്നാൽ അനുഭവങ്ങളുടെ പാഠപുസ്തകം ആകണം എന്ന് മനസ്സിലാക്കിതന്ന നാഴികകളാണ് ഇനിയുള്ളത്.



സമയം -6 മണി , കോടമഞ്ഞ് വഴി മൂടി തുടങ്ങിയിരുന്നു. കുത്തനെയുള്ള കയറ്റം കയറാൻ ഞങ്ങൾ കഷ്ടപ്പെട്ടു. ഉയരം കൂടുന്തോറും ചായയുടെ രുചി കൂടുമെന്ന് മാത്രമല്ല, അന്തരീക്ഷത്തിലെ ഓക്സിജന്ടെ അളവ് കുറയുമെന്നും തിരിച്ചറിഞ്ഞ നിമിഷങ്ങൾ.. ദൂരെ നിന്നും ആനയുടെ ചിന്നംവിളി കേൾക്കുന്നത് പോലെ തോന്നി , ഒടുവിൽ അതും സംഭവിച്ചും, വഴി തെറ്റി .. ഇടിവെട്ട് ഏറ്റവനെ -------- എന്ന് പറയുന്നത് പോലെയുളള ഒരവസ്ഥ. ചുറ്റുമുള്ളതെല്ലാം മഞ്ഞിനാൽ മൂടി . തണുപ്പിനെ പ്രതിരോധിക്കാൻ ആകെ ഉണ്ടായിരുന്ന ജാക്കറ്റ് മഴയത്തുനനഞ്ഞിരുന്നു. കുറച്ചു നേരത്തേക്ക് "seven summits" എന്ന എന്ടെ സ്വപ്നം നിറവേറാതെപോകുമോ എന്ന ഞാൻ ഭയന്നു. ആലോചനകൾ പലവഴിക്ക് പാഞ്ഞു. പെട്ടന്ന് സ്വപ്നം എന്നപോലെ കുറച്ചുമാറി ഒരു ജീപിന്ടെ ശബ്ദം . പ്രേമനോട് പറഞ്ഞപ്പോൾ അവനും വിശ്വസിച്ചില്ല, 'തോന്നിയതാകും' എന്ന് പറഞ്ഞു. പ്രകൃതിയിലെ ഏതോ ഒരു ശക്തിയിൽ വിശ്വാസം തോന്നിപ്പോയ നിമിഷങ്ങൾ ആയിരുന്നു പിന്നീടങ്ങോട്,ഫോഗ് ലാംപ് ഘടിപ്പിച്ച വെള്ളനിറത്തിലുള്ള മാരുതി ജിപ്സി കയറ്റം കയറി ഞങ്ങൾ നിൽക്കുന്നതിനു അടുത്തേക്ക് വരുന്നു. ഞങ്ങൾ നിൽക്കുന്നതിന് അടുത്താണ് ജീപ്പ് പോകുന്ന വഴി എന്ന് മനസിലാക്കി വഴിയുടെ നടുവിലേക്ക് കയറി നിന്നു. ഇനി എങ്ങാനും ഞങ്ങളെ കണ്ടില്ലെങ്കിലോ... ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കിയ അവർ കൈ കാണിക്കുന്നത് മുൻപ്തന്നെ വണ്ടി നിർത്തി, രണ്ട് പേർക്ക് മാത്രം ഇരിക്കാവുന്ന ജിപ്സിയുടെ പുറകിലെ തുറന്ന സ്ഥലത്ത് ഞങ്ങൾ ഇരുന്നു. ഞങ്ങളെ മീശപ്പുലിമലയുടെ തൊട്ടടുത്തുള്ള മലയുടെ താഴെവരെ കൊണ്ടുപോകാം എന്നു പറഞ്ഞു. അവിടെ നിന്ന് കാട്ടിലൂടെ വേണം മീശപുളിമലയിലേക്ക് എത്താൻ . കുത്തനെയുള്ള കയറ്റങ്ങൾ ആയാസമില്ലാതെ ഓടിച്ചു കയറ്റുന്ന ഡ്രൈവിംഗ്. നല്ല സാമർഥ്യമുള്ള ഒരാളാണ് വണ്ടി ഓടിച്ചിരുന്നത്. മീശപ്പുലിമല കാണാൻ ഭാര്യയോടൊപ്പം എത്തിയ ഒരു ഡോക്ടറായിരുന്നു അത്. അദ്ദേഹത്തിന്ടെ ഭാര്യയും ഡോക്ടറാണെന്ന് സംസാരമദ്ധ്യേ അറിഞ്ഞു. ഇരുവരും ഇതുപോലെ അവധി എടുത്ത് ഇതുപോലെ യാത്ര ചെയ്യാറുണ്ടത്രെ.., കല്യാണം കഴിക്കുകയാണെങ്കിൽ അങ്ങിനെ യാത്ര ചെയ്യാൻ മനസ്സുള്ള ഒരാളെ കിട്ടിയാൽ മതിയെന്ന് അപ്പോൾ ഞാൻ ആഗ്രഹിച്ചു. പറഞ്ഞപോലെ അവർ മലയുടെ താഴെ വരെ ഞങ്ങളെ എത്തിച്ചു.



സമയം നന്നേ ഇരുട്ടിയിരുന്നു. കാറ്റിന്ടെ ശക്തിയും കൂടി വന്നു. യാത്ര ഇനി കാട്ടിലൂടെ, അവിടെ നിന്നും കുത്തനെയുള്ള ചരിവുകൾ, എല്ലാംകൊണ്ടും തന്നെ യാത്ര കൂടുതൽ രസകരമായി. കാട്ടുവള്ളികളിലും, മരങ്ങളിലും പിടിച്ച് ഞങ്ങൾ മുകളിലേക്ക് കയറി തുടങ്ങി. ദൂരെ ഉയരത്തിൽ കാണുന്ന വെളിച്ചമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആ കയറ്റം അവസാനിച്ചത് ഒരു കുന്നിന്ടെ മുകളിൽ . കൂട്ടിൽ നിന്നും സ്വതന്ത്രനായി പുറത്ത് വന്നതു പോലെ എനിക്ക് അനുഭവപെട്ടു . പക്ഷേ അത് അധികനേരം നീണ്ടൂനിന്നില്ല. ശക്തമായ കാറ്റ് ഞങ്ങളെ തള്ളി നീക്കുന്നത് പോലെ തോന്നി. നേരെ നില്ക്കാൻ കഴിയാത്ത അവസ്ഥ. കാറ്റിന്ടെ ശക്തി കുറയാൻ ഞങ്ങൾ കാത്തു നിന്നു.





സമയം രാത്രി 7 മണി, കാറ്റ് അതിന്ടെ ഉഗ്രരൂപത്തിലേക്ക് കടക്കുന്നതായി ഞങ്ങൾക്കു മനസ്സിലായി. തിരിച്ചിറങ്ങുകയല്ലാതെ ഞങ്ങളുടെ മുന്നിൽ മറ്റ് വഴികൾ ഒന്നും ഇല്ലായിരുന്നു. കൈയിൽ ഒരു ടോർച്ചു കരുതിയിരുന്നത് ഉപകാരപ്പെട്ടു. താഴെയുള്ള ജിപ്സി അടയാളമാക്കി ഞങ്ങൾ തിരിച്ചിറങ്ങി. ഡോക്ടർ ദമ്പതികളുടെ പൊടി പോലും അവിടെയുണ്ടായിരുന്നില്ല. ടെന്ട്(tent ) കൊണ്ടാണ് അവർ വന്നിരുന്നതെന്ന് പ്രേമൻ ഓർമപ്പെടുത്തി . കൊളുക്കുമലയിൽ നിന്നും തിരിച്ചുപോകാൻ ജീപ്പ് കിട്ടുമെന്ന് പ്രതീക്ഷിച്ച് ഞങ്ങൾ തിരിച്ചിറങ്ങാൻ തുടങ്ങി. ഇറങ്ങുന്നവഴി പൊട്ടിപൊളിഞ്ഞു കിടക്കുന്ന ഒരു വീടിനരുകിൽ എത്തിയപ്പോൾ ഒരു തോന്നൽ. 'തൊട്ടടുത്തുവരെ എത്തിയിട്ട് കാണാതെ പോകണോ. നിമിഷനേരംകൊണ്ട് എടുത്ത ഒരു തീരുമാനം, ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയുടെ താഴെ തങ്ങാൻ. മരംവെട്ടുകാർ പണ്ട് താമസിച്ചിരുന്ന ഒരു പൊട്ടിപൊളിഞ്ഞ വീട്, വീടിനു മുൻപിൽ ഒരു പഴയ ജീപ്പ് കിടക്കുന്നു .ടോർച്ചിന്ടെ വെളിച്ചത്തിൽ നനയാത്ത മരകഷ്ണങ്ങളും പേപ്പറും കണ്ടുപിടിച്ച് ഞങ്ങൾ വെള്ളം ചോരാത്ത ഒരു മൂലയിൽ തീ കൂട്ടാൻ തുടങ്ങി.കല്ലുകൾ ഉരച്ച് തീ ഉണ്ടാക്കിയ നമ്മുടെ പൂർവികരുടെ ക്ഷമയെ നമിച്ചുപോയ നിമിഷങ്ങൾ.ഷൂസ് ഉണക്കാമെന്നു കരുതി ഊരിയ ഞാൻ അപ്പോഴാണ് മലമുകളിലെ ഡ്രാക്കുളയെ പറ്റി ആലോചിച്ചത്.കൊതിയന്മാർ ചോരയൊക്കെ കുടിച്ച് ചിരിച്ചിരിക്കുന്നു. ഒന്നും അറിയാത്തപോലെ ഞാൻ പ്രേമനോട് ഷൂസ് ഉരിയിടാൻ പറഞ്ഞു.അവന്ടെ കാല് കണ്ടപ്പോൾ ഒരു ആശ്വാസം.തണുപ്പ് സഹിക്കാവുന്നതിലും അധികമായികൊണ്ടിരുന്നു. തീ കൂട്ടിയത്കൊണ്ട് dress ഉണക്കാം എന്നല്ലാതെ അവിടെ കിടക്കാൻ സാധ്യമല്ല എന്ന ഞങ്ങൾ തിരിച്ചറിഞ്ഞു. പുറത്തുകിടക്കുന്ന ജീപ്പ് ഞങ്ങൾക്ക് കിടക്കാൻ സ്ഥലം തന്നു. ജീവനുണ്ടായിരുന്നെങ്കിൽ ഒരു നന്ദി പറയേണ്ടതായിരുന്നു. കയ്യിൽ കരുതിയിരുന്ന ഭക്ഷണം ഞങ്ങൾ അവിടെയിരുന്നു കഴിച്ചു. ക്ഷീണം കൊണ്ട് പതിയെ കണ്ണൊന്നടച്ച ഞാൻ, ആ നിമിഷം ചെറായി ബീച്ചിൽ ആണോ എന്ന് ആലോചിച്ചു . ബീച്ചിൽ തിരയടിക്കുന്നതും അവിടെ കാറ്റുവീശുന്നതും ഒരേ ശബ്ദം. ഇനി വെല്ല ചുഴലിക്കാറ്റ് ആയിരിക്കുമോ എന്ന് ഞാൻ സംശയിച്ചു. ഈ ചിന്തകളെയൊക്കെ മായ്ച്ചുകളയാൻ ജീപിന്ടെ മുൻവശത്തെ ചില്ലിലൂടെ കണ്ട ഒരു കാഴ്ചയ്ക്ക് കഴിഞ്ഞു... താഴെ ഭൂമിയിൽ ഒരു വലിയ കണ്ണാടി വെച്ചിരിക്കുന്നു എന്ന് കരുതു. ആകാശത്തിലെ നക്ഷത്രങ്ങൾ അതേ ഒരു തെളിമയിൽ ആ കണ്ണാടിയിൽ പ്രതിഫലിച്ചാൽ എങ്ങനെ ഉണ്ടാകും?...അങ്ങനെയാണ് എനിക്കപ്പോൾ തോന്നിയത്. അങ്ങ് താഴെ കമ്പം,തേനി എന്നീ ഗ്രാമങ്ങൾ ദീപപ്രഭയിൽ കുളിച്ചു മനോഹരിയായി നില്ക്കുന്നു . പകൽ അവിടെ അങ്ങിനെയൊരു സ്ഥലം ഉള്ളതായി നമുക്ക് തോന്നുകയേയില്ല.



തിരമാലകൾ പോലെ ഇരമ്പുന്ന കാറ്റും, കോടമഞ്ഞും, ആനയുടെ ചിന്നംവിളിയും കൂട്ടിനായി ഉണ്ടായിരുന്ന ആ രാത്രി എന്ടെ ജീവിതത്തിൽ മറക്കാനാവാത്തതാണ്. പിറ്റേന്ന് രാവിലെ എന്തോ ശബ്ദം കേട്ട് കണ്ണുതുറന്ന ഞാൻ കണ്ടത് അരണ്ട വെളിച്ചത്തിൽ ജീപ്പിനുമുന്പിലൂടെ നടന്നുപോകുന്നു ഒരു വിദേശിസായിപ്പിനെയാണ്. മുതുകിൽ വലിയ ഒരു ബാക്ക്പാക്കും കയ്യിൽ ട്രെക്കിങ്ങ് സ്റ്റിക്കും. പരിചയപ്പെടാൻ ഓടിച്ചെന്ന ഞാൻ സ്തംപിച്ചുനിന്നു,ആ പരിസരത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. പേടിയേക്കാൾ കൂടുതൽ എനിക്കപ്പോൾ തോന്നിയത് അത്ഭുതം ആണ്. ഉപബോധമനസിന്ടെ നമ്മൾ അറിയാത്ത പല തലങ്ങൾ. അതൊരു തോന്നൽ ആയിരുന്നു എന്ന ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ കഴിയില്ല....



സൂര്യോദയം കാണാൻ കാത്തുനിന്ന ഞങ്ങൾക്ക് 6 മണി ആയപ്പോഴാണ് ചതി മനസ്സിലായത്, കാർമേഘങ്ങൾ സൂര്യനെ മറച്ചിരിക്കുന്നു. എങ്കിലും സൂര്യോദയത്തെക്കാൾ മനോഹരമായ കാഴ്ച ഞങ്ങൾക്കവിടെ കാണാൻ കഴിഞ്ഞു. മേഘങ്ങൾക്കിടയിലൂടെ ഊർന്നിറങ്ങുന്ന സൂര്യപ്രകാശം മലമുകളിൽ സ്പർശിച്ചു പതിയെ താഴേക്ക് ഒഴുകുന്ന ആ കാഴ്ചക്ക് പകരം വയ്ക്കാൻ മറ്റൊന്നുമില്ല. നമ്മളെ വിളിച്ചെഴുന്നേല്പിക്കാൻ ആരെങ്കിലുമൊക്കെ ഉള്ളതുപോലെ, ചെടികളെയും മരങ്ങളെയും മറ്റുജീവജാലങ്ങളെയും തഴുകി എഴുന്നേല്പിക്കാൻ സൂര്യൻ ഉള്ളതായി എനിക്ക് തോന്നി.വേറിട്ട ചിന്തകൾക്കൊടുവിൽ ഞങ്ങൾ മുകളിലേക്കുള്ള യാത്ര പുനരാരംഭിച്ചു. തലേദിവസം യാത്ര ഉപേക്ഷിച്ച സ്ഥലത്ത് നിന്ന് രണ്ട് മലകൾ കയറി ഇറങ്ങിയാലേ മീശപുലിമലയുടെ താഴെ എത്താൻ സാധിക്കൂ. രണ്ട് മലകൾ കയറി കഴിഞ്ഞപ്പോഴേക്കും കാറ്റ് ശക്തി പ്രാപിച്ച് എത്തിയിരുന്നു. കേരളത്തിലെ ഏറ്റവും കൂടുതൽ കാറ്റ് വീശൂന്ന പ്രദേശമായ രാമക്കല്മേടിനേക്കാൾ രണ്ടിരട്ടി ശക്തിയുള്ള കാറ്റാണ് അപ്പോൾ ഞങ്ങൾക്ക് നേരിടേണ്ടി വന്നത്. കാറ്റിന്റെ ശക്തി കുറയാനായി ഞങ്ങൾ കുറേനേരം കാത്തു, കുറയില്ല എന്ന് ഉറപ്പായപ്പോൾ മലയുടെ ചെരുവിൽ ചേർന്ന് പിടിച്ചായി കയറ്റം . 1 മണിക്കൂർ നീണ്ട കയറ്റത്തിനൊടുവിൽ ഞങ്ങൾ മീശപുലിമലയുടെ നെറുകയിലേക്കുള്ള നടത്തത്തിലായി. തിരിഞ്ഞു നോക്കിയപ്പോൾ പ്രേമനെ ഒപ്പം കാണാനില്ലായിരുന്നു .ഞാൻ മുകളിലേക്കു നടന്നു, മുകളിൽ പ്രേതീക്ഷിച്ചപോലെ തന്നെ മഞ്ഞുവന്നു മൂടിയിരുന്നു,മഞ്ഞിന്റെ ഇടയിൽ ഒരു നിഴൽ കണ്ടത് പോലെ എനിക്ക് തോന്നി, അടുത്തേക് നടന്നപ്പോൾ മനസിലായി ഞങ്ങൾ ഒറ്റക്കല്ല വേറെ മൂന്ന്‌പേർ മുകളിൽ ഉണ്ടെന്ന്. അവർ Rhodomansion വഴി വന്നതാണെന്ന് ഞാൻ ഊഹിച്ചു. അവിടെ നിന്നുകണ്ട കാഴ്ചകളുടെ ആവേശം പങ്കിടാൻ തിരിഞ്ഞു പ്രേമനെ നോക്കിയപ്പോൾ അവൻ വിദൂരതയിലേക്ക് നോക്കി നിശ്ചലനായി നിൽക്കുന്നു. മീശപുളിമലയിൽ നിന്നുമുള്ള കാഴ്ചകൾ വർണിക്യാൻ എന്റെ ഭാഷാസമർത്യം മതിയാവാതെവരും എന്നുറപ്പുള്ളതുകൊണ്ട് പറയാനുള്ളത് ഒന്നുമാത്രം, യാത്രകളെ പ്രണയിക്കുന്നവർക്ക് ഒരിക്കലും മറക്കാൻപറ്റില്ല 8000 അടി ഉയരത്തിലുള്ള ഈ സുന്ദരിയെ,അവിടെ നിന്നുമുള്ള കാഴ്ചകളെ .



മീശപുലിമലയുടെ നെറുകയിൽ അധികനേരം നിന്നാൽ കാറ്റിന്ടെ ചിറകിലേറി പോകാൻ സാദ്ധ്യത ഉള്ളതിനാൽ ഞങ്ങൾ തിരിച്ചിറങ്ങാൻ തുടങ്ങി ... ഇനിയും വരുമെന്ന നിശ്ചയത്തോടെ ... മറക്കാനാവാത്ത ഒരുപിടി ഓർമകളുമായി....





യാത്രകൾ നൽകുന്ന അനുഭവങ്ങൾക്കും, ബാക്കി വയ്ക്കുന്ന ഓർമകൾക്കും പകരം വയ്ക്കാൻ മറ്റൊന്നും ഇല്ല. പണത്തെ സ്നേഹിക്കാതെ മനുഷ്യൻ യാത്രയെ സ്നേഹിയ്ക്കട്ടെ എന്ന ആഗ്രഹവുമായി .............



....................................







P.S- ഫോൺ ഉപയോഗിക്കാത്തത്കൊണ്ടും ക്യാമറ കയ്യിൽ ഇല്ലാതിരുന്നതിനാലും കൂടുതൽ ഫോട്ടോകൾ നിങ്ങളോട് പങ്കുവെക്കാൻ സാധിക്കാത്തതിൽ ഖേദിക്കുന്നു. വഴിയിൽ വെച്ച കണ്ടുമുട്ടിയ നല്ലവരായ ചേട്ടനനിയൻമാരുടെ ക്യാമറയിൽ എടുത്ത 2 ഫോട്ടോകൾ ഇതാ....



P.S.S- മീശപുലിമലയിലേക്കുള്ള നിയമാനുസൃതമായ യാത്രക്കായി -http://munnar.kfdcecotourism.com/RhodaValley.aspx .

അല്ലാത്തവർക്ക് സ്വന്തം ഉത്തരവാദിത്തത്തിൽ (മൂന്നാർ-പവറ്ഹൗസ്-സൂര്യനെല്ലി) or (അടിമാലി-ആനച്ചാൽ -പൊട്ടൻകാട്-ബൈസൺവാലി-പവർഹൗസ്-സൂര്യനെല്ലി) വഴി മീശപുളിമലയിൽ എത്താം. ആദ്യത്തെ ബസ് റൂട്ട് റൂട്ട് ആണ്. കാഴ്ചകൾ ആസ്വദിച്ച സ്വന്തം വാഹനത്തിന്‌ വരാൻ ആണെങ്കിൽ രണ്ടാമത്തെ റൂട്ട് തിരഞ്ഞെടുക്കാം

COMING SOON HOUSE ADVERTISING ads_leader_blog_bottom



Tot: 0.099s; Tpl: 0.015s; cc: 9; qc: 51; dbt: 0.0432s; 1; m:domysql w:travelblog (10.17.0.13); sld: 1; ; mem: 1.2mb